Saturday, 13 July 2019

ഏകാന്തതയുടെ മറ്റൊരു പുസ്തകം 4

മറ്റെല്ലാ കഥകളെക്കാലും അവർക്ക് ആ ടൈം ട്രാവലിനോട് ഒരിഷ്ടം തോന്നുന്നുണ്ടെന്ന് തോന്നി. ആ കഥയിൽ അവന്റെ ബാല്യത്തെക്കാണുന്നുണ്ടാവാം അമ്മ. എങ്കിലും! അവിനാശ് ഒരു ടൈം ട്രാവലിങ് കഥ എഴുതിയിട്ടുണ്ടെന്നറിഞ്ഞപ്പോൾ എനിക്ക് ചിരിവന്നു. സയൻസ് ഫിക്ഷനുകളുടെ വലിയ വിമർശകനായിരുന്നു അവൻ.

ചെറുപ്പത്തിൽ ടൈം ട്രാവൽചെയ്യാത്തവരുണ്ടാകില്ലല്ലോ... മുതിരുമ്പോൾ നമ്മൾ സമയത്തിന്റെ തടവുകാരാകും

അമ്മയുടെ കയ്യിൽ നിന്നും ഞാൻ ആ കഥ വാങ്ങി. തല്ലുകൊള്ളുന്ന കയ്യക്ഷരം തന്നെ. "അതിന് ഇപ്പോഴും വലിയ മാറ്റമൊന്നും വന്നിട്ടില്ല" അമ്മ ചിരിക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു... അതിന് ഇപ്പോൾ അവനില്ലല്ലോ... ഞാനത് പറഞ്ഞില്ല...

കഥയുടെ പേരായിരുന്നു അത്ഭുതം.

ദ അഡ്വഞ്ചേഴ്സ് ഓഫ് ഹെറോയിക് സൈ

ഹെറോയിക് സൈ....?! ആ റഷ്യൻ എഴുത്തുകാരൻ...?! താൻ വിവർത്തനം ചെയ്യാൻ പോകുന്നന്നു പറഞ്ഞ് അവൻ എന്നെക്കാണിച്ച മൂന്നു നോവലുകൾ എഴുതിയ ആൾ...?!

പക്ഷേ,...

ഏകാന്തതയുടെ മറ്റൊരു പുസ്തകം 2

"മരിച്ച മനുഷ്യരെപ്പറ്റി എഴുതുന്നത് ഉചിതമായിരിക്കില്ല. ക്രൈം ത്രില്ലറുകളിലൂടെ അനശ്വരത നേടാൻ ഇനിയും ഒരു റഷ്യക്കാരന്റെ ആവശ്യവുമില്ല." ഇത്രയും പറഞ്ഞിട്ടും വായിച്ചു തീർത്ത ഹെറോയിക് സൈയുടെ മൂന്നു പുസ്തകങ്ങളും വിവർത്തനം ചെയ്യാനുള്ള തീരുമാനത്തിൽ നിന്ന് അവിനാശിനെ പിന്തിരിപ്പിക്കാൻ കഴിഞ്ഞില്ലഎന്നോർത്തത് അവന്റെ മരണം തന്നെക്കൂടി ഒരു ദുരൂഹതയിലേയ്ക്ക് തള്ളിയിടുന്നല്ലോ എന്നോർത്തപ്പോഴാണ്. അവിനാശ് എം.മുകുന്ദന്റെ ഒരു നോവലിലെ കഥാപാത്രമാണ്. ഹരിദ്വാറിൽ മണികൾ മുഴങ്ങുമ്പോൾ. അവിനാശ് അറോറ. "എനിക്കറിയാം". അവൻ പറയും- ഫ്രഞ്ച് എംബസിയിൽ ജോലി ചെയ്തിട്ട് ഗലികളെയും ഭംഗിനേയുംകുറിച്ചെഴുതിയ ആൾ. "നിനക്കറിയാത്ത എഴുത്തുകാരുണ്ടോ?" ഞാൻ അത്ഭുതംകൂറും. "ഉണ്ട്.! ഹെറോയിക് സൈ.... ഒരു റഷ്യക്കാരന് അങ്ങനെയൊരു പേര് മുൻപ് കേട്ടിട്ടുണ്ടോ?"

ഏകാന്തതയുടെ മറ്റൊരു പുസ്തകം 1

"വാതിൽ തുറന്നിടൂ" അവൾ പറഞ്ഞു. "ജനാലകളും"
"എന്തിന്?!"
"അടഞ്ഞ വാതിലിന് പിന്നിലിരുന്ന് കാറ്റിനോട് പരാതി പറയുകയാണ്‌ നീ"
"ഞാൻ അടഞ്ഞ വാതിലുകൾക്കു പിന്നിൽത്തന്നെയിരിക്കും. അടഞ്ഞ ജനാലകൾക്കും. അവിടേയ്ക്ക് കടന്നു വരാത്ത കാറ്റിനെ ഞാൻ പ്രണയിക്കും. കെട്ടിക്കിടക്കുന്ന ആ പഴകിയ ഗന്ധം ശ്വസിക്കും. പുറത്തു പോകണമെങ്കിൽ നിനക്കു പോകാം. അടഞ്ഞ വാതിലിലൂടെത്തന്നെ, നീ കടന്നുവന്നതുപോലെത്തന്നെ." അവൾകടന്നു പോയപ്പോൾ ഓർമകൾ കനംവച്ച വായു ഒന്നുകൂടി മുഖം കനപ്പിച്ചു. ഒരിക്കലും കടന്നുവരാത്ത കാറ്റ് ജാലകത്തിന് പുറത്തെവിടെയോ വീശിയടിച്ച് ശബ്ദം കേൾപ്പിച്ചു....

ഏകാന്തതയുടെ മറ്റൊരു പുസ്തകം എന്ന ഹെറോയിക് സൈയുടെ നോവൽ തുടങ്ങുന്നത് ഇങ്ങനെയാണ്...