ഉണ്ണി
കഥ
ഹരികൃഷ്ണൻ ജിജി
.............................................................................................................................................................
ഒരു കഥ എന്റെ മനസിലുണ്ട്. ഉണ്ണി എന്നാണ് കഥയ്ക്ക് പേരിട്ടിരിക്കുന്നത്. ഉണ്ണി ഒരു നായയാണ്. പക്ഷേ കഥയിൽ നിങ്ങൾക്കത് തിരിച്ചറിയാനാവില്ല. കഥയിൽ അംബിക സുരേന്ദ്രൻ ദമ്പതിമാരുടെ ഒരേയൊരു അരുമ മകനായിരിക്കും ഉണ്ണി. അങ്ങനെയേ നിങ്ങൾക്ക് തോന്നൂ.
അംബിക - സുരേന്ദ്രൻ ദമ്പതിമാർക്ക് കുഞ്ഞുങ്ങളില്ല. അത് പക്ഷേ കഥയിൽ എവിടെയും പറയില്ല. ഉണ്ണി അവരുടെ മകനാണ് എന്നല്ലേ നിങ്ങൾ കരുതുന്നത്.
'' ഉണ്ണീ... ഇവിടെ വാ... വന്ന് പാലുകുടിച്ച് പോ...''
അംബികയാണ്.
'' ഒന്ന് കണ്ണുതെറ്റിയപ്പോൾ കയ്യും തട്ടി ഓടിക്കളഞ്ഞു. കണ്ട കാടും മേടും നിരങ്ങി അവനിങ്ങു വരട്ടെ... ''
'' നീ ആ വടി അങ്ങു കളയ്... അതുകണ്ട് പേടിച്ചാവും അവൻ വരാത്തെ... ''
കുളിപ്പിച്ച് തുവർത്തി മുടി ചീകി മുത്തം കൊടുത്ത് അവർ ഉണ്ണിയെ സ്നേഹിക്കും. വൈകിട്ട് അവനൊപ്പം നടക്കാനിറങ്ങും.
ഉണ്ണി വളർന്നു. അയലത്തെ കുട്ടികളെപ്പോലെ അവനും ഇറച്ചികൂട്ടിയേ ചോറുണ്ണൂ എന്നായി. അവന്റെ രുചിക്കൊത്ത വിഭവങ്ങൾ അടുക്കളയിൽ പാകപ്പെടുത്താൻ അംബിക പെടാപ്പാടുപെട്ടു.
'' ഒന്നും വേണ്ട ചെറുക്കന്. കൊഞ്ചിച്ച് കൊഞ്ചിച്ച് വഷളാക്കിയതാ ''
ഉണ്ണിയുടെ മുഖമൊന്നു വാടിയതു കണ്ടാൽ അംബികയുടെ നെഞ്ചിടിക്കും.
'' അതെങ്ങനെ...! ആമ്പുള്ളരായാൽ വല്ലതും തിന്നണ്ടേ... കൊടുത്തത് അതേപടി ബാക്കിയാ പ്ലേറ്റിൽ. ''
വീട്ടിലും നാട്ടിലും പ്രിയങ്കരനായിരുന്നു ഉണ്ണി. മുതിർന്നവരോടുള്ള ബഹുമാനം, വിനയം, എതിർവാക്കു പറയേണ്ട ഇടങ്ങളിൽ കാട്ടുന്ന ധൈര്യം... അങ്ങനെ നായകസങ്കൽപങ്ങൾക്ക് ഒരു ഉത്തമ ഉദാഹരണമായിരുന്നു ഉണ്ണി.
ഇനി ഒരു കഥയിൽ വേണ്ടത് ഏതെങ്കിലും തരത്തിൽ ഉള്ള വഴിത്തിരിവാണ്.
ഒന്നുകിൽ പ്രണയം വേണം. ഉണ്ണിയുടെ പ്രണയങ്ങളിൽ ഒളിച്ചുവൈക്കാൻ ഒന്നും ഇല്ലായിരുന്നു. അതുകൊണ്ട് ആ വഴിക്ക് തിരിഞ്ഞിട്ട് കാര്യമില്ല.
ഒന്നുകിൽ പ്രണയം വേണം. ഉണ്ണിയുടെ പ്രണയങ്ങളിൽ ഒളിച്ചുവൈക്കാൻ ഒന്നും ഇല്ലായിരുന്നു. അതുകൊണ്ട് ആ വഴിക്ക് തിരിഞ്ഞിട്ട് കാര്യമില്ല.
ഉണ്ണിയുടെ കടന്നുവരവിനെ പറ്റി പല വീടുകളിൽ നിന്നും പരാതി ഉയർന്നത് അക്കാലത്താണ്.
'' പെണ്ണുങ്ങളെ ശല്യപ്പെടുത്തുന്നു... ''
'' കുഞ്ഞുങ്ങളെ പേടിപ്പിക്കുന്നു... ''
'' അവനവൻ നിൽക്കേണ്ടിടത്ത് അവനവൻ നിൽക്കണം... ഇല്ലെങ്കിലേ സുരേന്ദ്രാ, പിടിച്ച് ചങ്ങലയ്ക്കിടണം... ''
ഉണ്ണിയെ ചങ്ങലയ്ക്കിടണമെന്ന്. (വായനക്കാർക്ക് അറിവില്ല ഉണ്ണി ഒരു നായ ആണെന്ന്.) അംബിക - സുരേന്ദ്രൻ ദമ്പതിമാരുടെ ഏകമകൻ ഉണ്ണിയെ ചങ്ങലയ്ക്കിടണമെന്ന്. ജനസംസാരം എത്രനാൾ മൂടിവൈക്കാനാകും.! പാവം അമ്മയ്ക്ക് എത്രനാൾ മകനെ വീട്ടിൽ അടച്ചിട്ട് നാട്ടുകാരുടെ ക്രൂരനേത്രങ്ങളിൽ നിന്നും രക്ഷിക്കാനാവും.!
ഒരിക്കൽ അംബിക തൊടിയിൽ വീണ തേങ്ങ എടുക്കാൻ അടുക്കള വാതിലിറങ്ങി പോയപ്പോൾ സ്നേഹത്തുടലിൽ കെട്ടി നിർത്തിയിരുന്ന ഉണ്ണി മുൻവാതിൽ വഴി ഓടി. വെറുതേ ഓടിയതാണ്. സുരേന്ദ്രൻ കവലയിൽ ഉണ്ടാകുമെന്ന് അവന് അറിയാം. കടയിൽ മീറ്റ് പഫ്സ് കാണും. സുരേന്ദ്രൻ അത് വാങ്ങി കൊടുക്കാറുള്ളതാണ്.
ദോഷകാലം നോക്കണേ...
കവലയിൽ എത്താറായതാണ്. ദേ ഒരു ചെറുക്കൻ! പണ്ടെന്നോ ഒന്നു വിരട്ടി വിട്ടതിന്റെ കണക്കുതീർക്കാൻ ഉറച്ചാണ് ചെറുക്കൻ. സംഘർഷമൊഴിവാക്കാൻ ഉണ്ണി ആവതും ശ്രമിച്ചെങ്കിലും ചെറുക്കൻ വഴങ്ങുന്നില്ല. രണ്ടിൽ ഒരാളുടെ രക്തം കാണുവോളം എന്നായി ചെറുക്കനെങ്കിൽ ഉണ്ണി മറ്റെന്തു ചെയ്യാൻ.
സുരേന്ദ്രൻ അന്ന് കലിതുള്ളിയാണ് വീട്ടിൽ കയറി വന്നത്.
കണ്ണീരു തോരാതെ അംബിക തല്ലുകൊണ്ടു തകർന്ന മകന്റെ ദേഹം മടിയിൽ തന്നെ വച്ച് അയാളെ നോക്കി.
'' കണ്ടോന്റെ പുള്ളേരെ ആശൂത്രീലാക്കിയാപ്പിന്നെ അവര് നോക്കിക്കൊണ്ടു നിക്കൂ..!! ''
'' നേരത്തേ തല്ലി വളർത്താത്തത് നമ്മുടെ തെറ്റ്... ''
''തല്ലാഞ്ഞിട്ടാണോ.... ഇങ്ങനെ.''
കടയിൽ നിന്നും വാങ്ങിയ ചങ്ങല ജനാലയിൽ ബന്ധിച്ച് അംബികയുടെ മടിയിൽ തളർന്നുറങ്ങുന്ന ഉണ്ണിയെ അതിലേയ്ക്ക് വലിച്ചടുപ്പിക്കുമ്പോൾ അയാൾ പിറുപിറുത്തു.
''ചങ്ങലയ്ക്കിടേണ്ട ജന്മങ്ങൾ... ''
അമ്മ അംബിക മുഖം പൊത്തി കരഞ്ഞു.
ഇപ്പോൾ കഥാകാരനും സംശയമായി. ഉണ്ണി നായ ആണോ..? അതോ...
അറിയില്ല.
നായ ആയിരിക്കട്ടെ... എങ്കിൽ ആ അമ്മയുടെ കണ്ണീരിന് ഒരൽപം ആശ്വാസം കിട്ടുമായിരിക്കും.