Sunday, 7 May 2017

ബിഫ്

ബീഫ്

വീട്ടില്‍ ആഘോഷമാക്കി വച്ച ബീഫും കഴിച്ച് അതിന്‍റെ പലതരം സെല്‍ഫികള്‍ ഫെയിസ്ബുക്കിലിട്ട് യൂ പി യിലെ ജോലിക്ക് തിരിച്ചുപോയവനാ...

അവിടത്തെ മലയാളികളായ കൂട്ടുകാര്‍തന്നെ കൊടുത്ത പണിയാന്നാ പറഞ്ഞുകേട്ടെ...

ഇപ്പൊ മുന്നില്‍ തിരിയുംകൊളുത്തി ചുവരിലെ പടത്തില്‍ ഇരിക്കുവല്ലേ... അവന് എന്തിന്‍റെ കേടായിട്ടാ ഇതൊക്കെ എടുത്ത് എഫ് ബീല്‍ ഇട്ടെ...? ഇപ്പൊ രഹസ്യമായി വേണ്ടേ ഇതൊക്കെ....

രഹസ്യമായിട്ടോ....!!!

ഹരികൃഷ്ണന്‍ ജി ജി

Thursday, 4 May 2017

അമ്പിളി അണ്ണന്‍

അമ്പിളി അണ്ണന്‍

'' നീയിപ്പൊ സെക്കന്‍റിയറല്ലേ...''
''അല്ലണ്ണാ... ലാസ്റ്റ് ഇയര്‍..''
കോളേജിന് പുറത്തുള്ള അമ്പിളിഅണ്ണന്‍റെ കടയില്‍ ഉച്ചയ്ക്കൊരു സോഡാ സംഭാരവും കുടിച്ച് ഇരിക്കുവായിരുന്നു.

''ഞാന്‍  രണ്ടാം വര്‍ഷവും മൂന്നാം വര്‍ഷവുമെന്നൊക്കെ കരുതിയിരുന്ന പയ്യന്മാരൊക്കെ ഇപ്പൊ അവസാന വര്‍ഷം ആണല്ലോടാമോനേ... നമ്മള്‍ടെ കച്ചോടം പൂട്ടീന്നാ തോന്നുന്നെ....''
'' പുതിയ പുള്ളേരാരും വരക്കമില്ലേ ഇങ്ങോട്ട്..?''
''അതല്ലെടാ... പറ്റ്... പറ്റെഴുതി കഴിച്ചിട്ട് പോയവക വലിയൊരു തുകയായി... അതൊന്നും കിട്ടിയില്ലെങ്കില്‍ ഞാന്‍ മുങ്ങിപ്പോകും...''
''ഉം...''
''ഇപ്പൊത്തന്നെ ജങ്ഷനിലോട്ടൊന്നും ഇറങ്ങാന്‍വയ്യ... ബസ്സിലൊക്കെ തല ഒളിപ്പിച്ചുവച്ചാ പോകുന്നെ... കടം വാങ്ങിയവരെ കാണാതേ... ജീവിച്ച് പോണ്ടേ...''
കുടിച്ച വെള്ളത്തിന്‍റെ കാശ് നീട്ടിയപ്പോള്‍ അമ്പിളിയണ്ണന്‍ ആദ്യം ശ്രദ്ധിച്ചില്ല. പിന്നെ പെട്ടന്ന് ഞെട്ടിതിരിഞ്ഞ് നോക്കി. '' ഞാന്‍ എന്തോ ചിന്തിച്ചുപോയെടാ മോനേ..'' ചിരിച്ചുകൊണ്ട് പറഞ്ഞു...
എന്നും ചിരിച്ചു കളിച്ചുമാത്രം കണ്ടിട്ടുള്ള ആ വിചിത്ര മനുഷ്യന്‍റെ മറ്റൊരുമുഖം വിഷാദത്തോടെനോക്കി ഞാന്‍   പുറത്തിറങ്ങി...
''ജീവിച്ച് പോണ്ടേടാ മോനേ....'' അയാള്‍ ചിരിച്ചുകൊണ്ട് തന്നോടുതന്നെയെന്നവണ്ണം പൂരിപ്പിച്ചു...

ഹരികൃഷ്ണന്‍ ജി ജി

മലയാളം

മലയാളം 

കഥ എഴുതുന്ന ഞാൻ, കവിത എഴുതുന്ന ഞാൻ, കഥ അറിയാത്തൊരു പെണ്ണിന്റെ നോട്ടത്തിൽ വീണു...! കടലിന്റെ കുരുക്കിൽ വീണ സൂര്യനെപ്പോലെ, പാത മുഴുവൻ നിറഞ്ഞു കത്തിനടന്നിട്ടും സന്ധ്യയിൽ ചുവന്ന് തുടുത്ത് അവളിൽ വീണ് അണഞ്ഞു.

പെണ്ണേതെന്ന് കണ്ണിറുക്കി ചോതിച്ച കൂട്ടരെനോക്കി മണിക്കിലുക്കം കണ്ണിലൊളിപ്പിച്ച് പറഞ്ഞു....

മലയാളം.... മലയാളം...

Saturday, 29 April 2017

ഒരു പ്രൊഫഷണല്‍ സെല്‍ഫി

. ഒരു പ്രൊഫഷണല്‍ സെല്‍ഫി

''കോഴ്സു കഴിഞ്ഞോ മോനേ..?''
''ഇല്ല മെയ് യില്‍ ആണ് പരീക്ഷ''
''ക്യാമ്പസ് റിക്രൂട്മെന്‍റ് വല്ലതും ആയോ മോനേ..?''
''ഇല്ല ''
''സപ്ലി വല്ലതും ഉണ്ടോ..?''
''ഉം... ഉണ്ട്...''
''എന്‍റെ അനിയന്‍റെ അമ്മായീടെ സഹോദരന്‍റെ മകന്‍ ബി ടെക് കഴിഞ്ഞ് ഇപ്പ ദുബായീലാ... ലക്ഷങ്ങളാ ശമ്പളം..''
''ഓ..''
''പേപ്പറൊക്കെ പെട്ടന്ന് എഴുതി എടുക്കണം കേട്ടോ..''
''ഓ..''
ഒരു ഇന്‍റര്‍വ്യൂ ബോഡിന്‍റെ അഭിമുഖം കഴിഞ്ഞു.... അടുത്തത് അടുത്തെങ്ങും വന്നുകയറല്ലേ ന്ന് പ്രാര്‍ത്ഥിച്ച് ഞാന്‍ നടന്നു...

ഹരികൃഷ്ണന്‍

Friday, 17 March 2017

മ്യൂസിയം

#മ്യൂസിയം

   കുട്ടികൾക്കൊപ്പം മ്യൂസിയം പോയതാണ്. പുതിയൊരു മുറിക്കുമുന്നിൽ ആകെ ബഹളം. അകത്ത് മഴയാണത്രെ!

ക്രിത്രിമമഴ.

ആദ്യ ചുംബനം കൊണ്ടുണരുന്ന പ്രണയിനിയായ മണ്ണിന്റെ ഗന്ധമുൾപ്പെടെ കൃത്യമായി പുനർസൃഷ്ടിച്ചിട്ടുണ്ടത്രെ!
അത്ഭുതം തന്നെ.
കുട്ടികൾക്ക് ആകെ വാശി.  മഴ കണ്ടിട്ടില്ലാത്തവരല്ലേ...!

തിക്കിതിരക്കി ഒടുവിൽ ടിക്കറ്റ് കൗണ്ടറിന് അടുത്തെത്തി. രണ്ടാൾക്കു മുന്നേ ടിക്കറ്റ് തീർന്നു. ഇന്നത്തെ മഴ നനയാൻ ഇനി ടിക്കറ്റില്ല. നാളത്തേയ്ക്കുള്ളത് ഓൺലൈനായി ബുക്കുചെയ്യാം എന്ന് ആരോ പറഞ്ഞു. കുട്ടികളുടെ മുഖത്ത് നിരാശയുണ്ട്. ജനിച്ചിട്ട് ഇത്രനാൾ ആയും കണ്ടിട്ടില്ലാത്തതല്ലേ.... പാവം...
നാളെ തന്നെ വീണ്ടും വരാം എന്ന് ഞാൻ ആശ്വസിപ്പിച്ചു.

ശേഷം പഴയ വേനൽമഴയുടെ സുഗന്ധത്തിലേയ്ക്ക് ഞാൻ കണ്ണടച്ചു.

    #ഹരി

Sunday, 5 February 2017

ഉണ്ണി

                         ഉണ്ണി
കഥ 
ഹരികൃഷ്ണൻ ജിജി
.............................................................................................................................................................
  ഒരു കഥ എന്റെ മനസിലുണ്ട്. ഉണ്ണി എന്നാണ് കഥയ്ക്ക് പേരിട്ടിരിക്കുന്നത്. ഉണ്ണി ഒരു നായയാണ്. പക്ഷേ കഥയിൽ നിങ്ങൾക്കത് തിരിച്ചറിയാനാവില്ല. കഥയിൽ അംബിക സുരേന്ദ്രൻ ദമ്പതിമാരുടെ ഒരേയൊരു അരുമ മകനായിരിക്കും ഉണ്ണി. അങ്ങനെയേ നിങ്ങൾക്ക് തോന്നൂ.
അംബിക - സുരേന്ദ്രൻ ദമ്പതിമാർക്ക് കുഞ്ഞുങ്ങളില്ല. അത് പക്ഷേ കഥയിൽ എവിടെയും പറയില്ല. ഉണ്ണി അവരുടെ മകനാണ് എന്നല്ലേ നിങ്ങൾ കരുതുന്നത്.
'' ഉണ്ണീ... ഇവിടെ വാ... വന്ന് പാലുകുടിച്ച് പോ...''
അംബികയാണ്.
'' ഒന്ന് കണ്ണുതെറ്റിയപ്പോൾ കയ്യും തട്ടി ഓടിക്കളഞ്ഞു. കണ്ട കാടും മേടും നിരങ്ങി അവനിങ്ങു വരട്ടെ... ''
'' നീ ആ വടി അങ്ങു കളയ്... അതുകണ്ട് പേടിച്ചാവും അവൻ വരാത്തെ... ''
കുളിപ്പിച്ച് തുവർത്തി മുടി ചീകി മുത്തം കൊടുത്ത് അവർ ഉണ്ണിയെ സ്നേഹിക്കും. വൈകിട്ട് അവനൊപ്പം നടക്കാനിറങ്ങും.
ഉണ്ണി വളർന്നു. അയലത്തെ കുട്ടികളെപ്പോലെ അവനും ഇറച്ചികൂട്ടിയേ ചോറുണ്ണൂ എന്നായി. അവന്റെ രുചിക്കൊത്ത വിഭവങ്ങൾ അടുക്കളയിൽ പാകപ്പെടുത്താൻ അംബിക പെടാപ്പാടുപെട്ടു.
'' ഒന്നും വേണ്ട ചെറുക്കന്. കൊഞ്ചിച്ച് കൊഞ്ചിച്ച് വഷളാക്കിയതാ ''
ഉണ്ണിയുടെ മുഖമൊന്നു വാടിയതു കണ്ടാൽ അംബികയുടെ നെഞ്ചിടിക്കും. 
'' അതെങ്ങനെ...! ആമ്പുള്ളരായാൽ വല്ലതും തിന്നണ്ടേ... കൊടുത്തത് അതേപടി ബാക്കിയാ പ്ലേറ്റിൽ. ''
വീട്ടിലും നാട്ടിലും പ്രിയങ്കരനായിരുന്നു ഉണ്ണി. മുതിർന്നവരോടുള്ള ബഹുമാനം, വിനയം, എതിർവാക്കു പറയേണ്ട ഇടങ്ങളിൽ കാട്ടുന്ന ധൈര്യം... അങ്ങനെ നായകസങ്കൽപങ്ങൾക്ക് ഒരു ഉത്തമ ഉദാഹരണമായിരുന്നു ഉണ്ണി.
  ഇനി ഒരു കഥയിൽ വേണ്ടത് ഏതെങ്കിലും തരത്തിൽ ഉള്ള വഴിത്തിരിവാണ്.
ഒന്നുകിൽ പ്രണയം വേണം. ഉണ്ണിയുടെ പ്രണയങ്ങളിൽ ഒളിച്ചുവൈക്കാൻ ഒന്നും ഇല്ലായിരുന്നു. അതുകൊണ്ട് ആ വഴിക്ക് തിരിഞ്ഞിട്ട് കാര്യമില്ല.
ഉണ്ണിയുടെ കടന്നുവരവിനെ പറ്റി പല വീടുകളിൽ നിന്നും പരാതി ഉയർന്നത് അക്കാലത്താണ്.
'' പെണ്ണുങ്ങളെ ശല്യപ്പെടുത്തുന്നു... ''
'' കുഞ്ഞുങ്ങളെ പേടിപ്പിക്കുന്നു... ''
'' അവനവൻ നിൽക്കേണ്ടിടത്ത് അവനവൻ നിൽക്കണം... ഇല്ലെങ്കിലേ സുരേന്ദ്രാ, പിടിച്ച് ചങ്ങലയ്ക്കിടണം... ''
  ഉണ്ണിയെ ചങ്ങലയ്ക്കിടണമെന്ന്. (വായനക്കാർക്ക് അറിവില്ല ഉണ്ണി ഒരു നായ ആണെന്ന്.) അംബിക - സുരേന്ദ്രൻ ദമ്പതിമാരുടെ ഏകമകൻ ഉണ്ണിയെ ചങ്ങലയ്ക്കിടണമെന്ന്. ജനസംസാരം എത്രനാൾ മൂടിവൈക്കാനാകും.! പാവം അമ്മയ്ക്ക് എത്രനാൾ മകനെ വീട്ടിൽ അടച്ചിട്ട് നാട്ടുകാരുടെ ക്രൂരനേത്രങ്ങളിൽ നിന്നും രക്ഷിക്കാനാവും.!
ഒരിക്കൽ അംബിക തൊടിയിൽ വീണ തേങ്ങ എടുക്കാൻ അടുക്കള വാതിലിറങ്ങി പോയപ്പോൾ സ്നേഹത്തുടലിൽ കെട്ടി നിർത്തിയിരുന്ന ഉണ്ണി മുൻവാതിൽ വഴി ഓടി. വെറുതേ ഓടിയതാണ്. സുരേന്ദ്രൻ കവലയിൽ ഉണ്ടാകുമെന്ന് അവന് അറിയാം. കടയിൽ മീറ്റ് പഫ്സ് കാണും. സുരേന്ദ്രൻ അത് വാങ്ങി കൊടുക്കാറുള്ളതാണ്.
ദോഷകാലം നോക്കണേ...
കവലയിൽ എത്താറായതാണ്. ദേ ഒരു ചെറുക്കൻ! പണ്ടെന്നോ ഒന്നു വിരട്ടി വിട്ടതിന്റെ കണക്കുതീർക്കാൻ ഉറച്ചാണ് ചെറുക്കൻ. സംഘർഷമൊഴിവാക്കാൻ ഉണ്ണി ആവതും ശ്രമിച്ചെങ്കിലും ചെറുക്കൻ വഴങ്ങുന്നില്ല. രണ്ടിൽ ഒരാളുടെ രക്തം കാണുവോളം എന്നായി ചെറുക്കനെങ്കിൽ ഉണ്ണി മറ്റെന്തു ചെയ്യാൻ.
സുരേന്ദ്രൻ അന്ന് കലിതുള്ളിയാണ് വീട്ടിൽ കയറി വന്നത്.
കണ്ണീരു തോരാതെ അംബിക തല്ലുകൊണ്ടു തകർന്ന മകന്റെ ദേഹം മടിയിൽ തന്നെ വച്ച് അയാളെ നോക്കി.
'' കണ്ടോന്റെ പുള്ളേരെ ആശൂത്രീലാക്കിയാപ്പിന്നെ അവര് നോക്കിക്കൊണ്ടു നിക്കൂ..!! ''
'' നേരത്തേ തല്ലി വളർത്താത്തത് നമ്മുടെ തെറ്റ്... ''
''തല്ലാഞ്ഞിട്ടാണോ.... ഇങ്ങനെ.''
കടയിൽ നിന്നും വാങ്ങിയ ചങ്ങല ജനാലയിൽ ബന്ധിച്ച് അംബികയുടെ മടിയിൽ തളർന്നുറങ്ങുന്ന ഉണ്ണിയെ അതിലേയ്ക്ക് വലിച്ചടുപ്പിക്കുമ്പോൾ അയാൾ പിറുപിറുത്തു.
''ചങ്ങലയ്ക്കിടേണ്ട ജന്മങ്ങൾ... ''
അമ്മ അംബിക മുഖം പൊത്തി കരഞ്ഞു.
ഇപ്പോൾ കഥാകാരനും സംശയമായി. ഉണ്ണി നായ ആണോ..? അതോ...
അറിയില്ല.
നായ ആയിരിക്കട്ടെ... എങ്കിൽ ആ അമ്മയുടെ കണ്ണീരിന് ഒരൽപം ആശ്വാസം കിട്ടുമായിരിക്കും.

Monday, 16 January 2017

നായ

                                നായ
കഥ
     ചിരി മടക്കിത്തരാതെ എതിരേ വന്ന മാന്യൻ കണ്ണുവെട്ടിച്ചു നടന്നുപോയപ്പോൾ അവിടെയൊക്കെ ചുറ്റിത്തിരിഞ്ഞ രോമം പൊഴിഞ്ഞു തുടങ്ങിയ ഒരു വയസൻ പട്ടി എന്നിക്കു പുറകേ കൂടി.
എന്റെ വേഗത്തിലും മെല്ലെ എന്നേക്കാൾ അലസനായി ആണ് നടപ്പ്.
ഒരു വേള എന്നെ കടിക്കണം എന്ന ആഗ്രഹം ഉള്ളിൽ ഒതുക്കി തന്റെ ഏറുന്ന വാർദ്ധക്യത്തെ ഓർത്ത് നെടുവീർപ്പിട്ടുകൊണ്ടാണോ നടക്കുന്നത്...?
എന്തിന് എഴുതാപ്പുറം വായിക്കുന്നു..!
ഇഹലോകജീവിതം വിരസമെന്നു കണ്ട് ആദ്ധ്യാത്മിക കാര്യങ്ങൾ മനസിലിട്ട് നടക്കുന്ന തന്നെപ്പോലെ ഒരു സാത്വികനാണ് ഇയാളും എന്ന് തോന്നിക്കാണും. അൽപം ദൂരം മൗനത്തിലെങ്കിലും ഒരുമിച്ച് നടക്കാം എന്ന് കരുതിയിട്ടുണ്ട്.
നമ്മുടെയൊക്കെ കാര്യം കഷ്ടമാണ് സ്നേഹിതാ. ഈ ഭ്രാന്തന്മാരുടെ ലോകത്ത് നമുക്കെങ്ങനെ സ്വസ്ഥമായി ചിന്തിക്കാൻ പറ്റും...?
കുറച്ചെത്തിയപ്പോൾ നിന്നു. വിട ചോതിക്കാതെ തിരിച്ചു നടന്നു. ഒരു മുള്ളുവേലി സാഹസികമായി നുഴഞ്ഞു കയറി എങ്ങോ മറഞ്ഞു.
പാത അവസാനിക്കാത്തതു കൊണ്ട് ഞാൻ നടത്തം തുടർന്നു. കുറച്ചു ചെന്ന് തിരിഞ്ഞു നോക്കിയപ്പോൾ പിന്നിൽ നിന്നും ഓടി വരുന്നുണ്ട്.
എന്നെ ശ്രദ്ധിക്കാതെ മറികടന്നോടി വളവു തിരിഞ്ഞ് പോയി.
ഒന്നിച്ചു നടന്നിരുന്നെങ്കിൽ ഒരു കൂട്ടായേനെ.
വളവു കഴിഞ്ഞു പോയവൻ തിരിച്ചു വന്നത് അതിലും വേഗത്തിലാണ്‌.
ആയുധ ധാരികളായ ഒരു സംഘം പിന്നാലെ ഉണ്ട്.
'' പേപ്പട്ടിയാണ്.... ദേ... വീണ്ടും ഒന്നുണ്ട്....''
ആരോ എന്നെ ചൂണ്ടി വിളിച്ചു പറഞ്ഞു.
അല്ലെന്ന് പറയുന്നതിന് മുന്നേ ആദ്യ ഏറ് വീണിരുന്നു. തലയിൽ തന്നെ.
ഏറുകൊണ്ടെങ്കിലും നില വീണ്ടെടുത്ത് ഞാൻ അടുത്ത തോട്ടത്തിലേയ്ക്ക് തിരിഞ്ഞ് പാഞ്ഞു.
വൃദ്ധൻ വേഗത കൂട്ടാൻ ശ്രമിച്ചെങ്കിലും പിന്നാലെ പാഞ്ഞു വന്ന കയറ് കഴുത്തിൽ കെട്ടുമുറുക്കി.
ദൂരെ നിന്ന് തിരിഞ്ഞു നോക്കുമ്പോൾ വൃദ്ധൻ എന്നെ നോക്കുന്നുണ്ടായിരുന്നു. ആ മുഖത്തേയ്ക്ക് കൈവണ്ണമുളെളാരു കൊന്ന കമ്പ് വായുവേഗത്തിൽ പതിച്ചു. പിന്നെയും പിന്നെയും..... പിന്നെയും ...
ഞാനും മനസിൽ പറഞ്ഞു. പേപ്പട്ടി ആയിരിക്കും.


         ഹരികൃഷ്ണൻ ജി. ജി.
                 16/01/2017

Friday, 13 January 2017

കൊമാലയിലെ കോളേജുകൾ

കൊമാലയിലെ കോളേജുകൾ


പെഡ്രോപരാമ എന്ന നോവൽ ഞാൻ വായിച്ചിട്ടില്ല. 'കൊമാല'യെ പരിചയം ഏച്ചിക്കാനം പറഞ്ഞിട്ടാണ്. ഭാഗ്യത്തിന് പന്ത്രണ്ടിൽ മലയാളം പുസ്തകത്തിൽ വിശ്വൻ ഗുണ്ടൂരും കൊമാലയും ഉണ്ടായിരുന്നു. അവരെ അങ്ങനെ പരിചയപ്പെടാൻ പറ്റി.

       പന്ത്രണ്ടിലെ പാഠത്തിൽ കൊമാലയെ പരിചയപ്പെട്ടതുകൊണ്ടാവാം അതു കഴിഞ്ഞ് കൊമാലയിൽ എത്തിയപ്പോൾ പെട്ടന്ന് സ്ഥലം തിരിച്ചറിയാൻ പറ്റി. ഇതുവരെ ഏച്ചിക്കാനത്തിനെ പോയിട്ട് കുഞ്ഞുണ്ണിമാഷിനെപ്പോലും കേട്ടിട്ടില്ലാത്തവരായിരുന്നു കൂടുതൽ. അവർക്ക് ഇനിയും മനസിലായിട്ടുണ്ടോ എന്നറിയില്ല എന്താണ് ഈ കൊമാല എന്ന്. ഇരുട്ടത്ത് നടന്നു ശീലിച്ചവർക്ക് അതു തുടരുന്നതിലും എന്തു ബുദ്ധിമുട്ട് അല്ലേ...? ഷൂസിനു വേണ്ടി പരുവപ്പെടുത്തിയ കാലുകൾ.

കൊമാലൻ നിശബ്ദത അവർക്ക് പരിചയമായിരുന്നു.

     കൊമാലയിൽ വെളിച്ചം കത്തിക്കാൻ പാടില്ലായിരുന്നു. ഒന്നുറക്കെ കൂവിവിളിക്കാനോ അക്ഷരമുറയ്ക്കാത്ത നാടൻപാട്ട് പാടാനോ ആർത്ത് അട്ടഹസിക്കാനോ പാടില്ലായിരുന്നു.

'' നിങ്ങൾ പ്രൊഫഷണൽസല്ലേ പിള്ളേരേ... ''

പ്രൊഫഷണലിസം കാത്തുസൂക്ഷിക്കാനാവാത്ത, കൊമാലയുടെ ഇരുട്ടിനും അതിന്റെ ആഢ്യത്തിനും ചേരാത്ത, ഞങ്ങളെ കണ്ട് കൊമാലയുടെ കാവൽക്കാർ പല്ലുഞെരിച്ചു.

     ഈ അടുത്ത് ആരോ മരിച്ചെന്നറിഞ്ഞു. അതിന്റെ പേരിൽ എവിടെയൊക്കെയോ ബഹളം ഉയരുന്നെന്നു കേട്ടു . ഇതൊക്കെ ഞാൻ കേട്ടതു മാത്രമാണ് കേട്ടോ.... ഞാൻ ഇപ്പോൾ കൊമാലയുടെ ഇരുട്ടിലും തണുപ്പിലും പെട്ടുപോയിരിക്കുന്നു. അവിടെ ജീർണിച്ച് ശബ്ദമുയർത്താനാവാതെ അലിഞ്ഞലിഞ്ഞ് സ്വയം ഇല്ലാതാവുന്നതും കാത്ത് കിടക്കുകയാണ്. അപ്പോഴാണ് കേട്ടത്, പറഞ്ഞുകേട്ടത്, ആരൊക്കെയോ എവിടെയൊക്കെയോ ബഹളം വെക്കുന്നുണ്ടെന്ന്. ഭാഗ്യവാന്മാർ .

        ഇതൊക്കെ വെറുതേ ആണെന്ന് എനിക്കറിയാം. ഈ ബഹളങ്ങളെ അവർ നിശബ്ദതകൊണ്ട് നേരിടും. ഇന്ന് ബഹളത്തിനൊപ്പം നിൽക്കുന്നുവെന്ന് നടിക്കുന്നവർ പതിയെ അതിനെ നിശബ്ദമാക്കും. എനിക്ക് ആരെയും വിശ്വാസം തോന്നുന്നില്ല. ഒരു പക്ഷേ മുൻപേ മരിച്ചുപോയതുകൊണ്ടുമാകും. അല്ലെങ്കിൽ നിശബ്ദതയ്ക്കും അഴുക്കിനും ഇരുട്ടിനും അടിമപ്പെട്ടു പോയതുകൊണ്ടാവും. എനിക്ക് ആരെയും വിശ്വാസം തോന്നുന്നില്ല.

     കേരളം (ദൈവത്തിന്റെ സ്വന്തം നാട് എന്ന് ചിലർ പറഞ്ഞു കേൾക്കുന്നു. ഒരു പക്ഷേ ശരിയായിരിക്കാം. എന്നേ മരിച്ചു കഴിഞ്ഞ ഒരു ജനതയെ സ്വർഗ്ഗത്തിലും നരകത്തിലും ഉൾകൊള്ളാൻ സ്ഥലമില്ലാണ്ട് ദൈവം അവധിക്ക് വച്ചിരിക്കുന്ന സ്ഥലമായിരിക്കാം.) എന്നേ കൊമാല ആയി കഴിഞ്ഞിരിക്കുന്നു. കൊടും ശൈത്യം പുതപ്പു മൂടിക്കേണ്ട ജനുവരിയിൽ വരൾച്ച ദംഷ്ട്രകാട്ടി ചിരിക്കുന്നു. ഇനി വേണ്ടത് ഒരു സുനാമിയോ ഭൂമികുലുക്കമോ കൊടുങ്കാറ്റോ പേമാരിയോ മാത്രമാണ്. അഴുക്കെല്ലാം തൂത്തെടുത്ത് അറബിക്കടലിൽ മോക്ഷം തേടി ഒഴുക്കാൻ.

          സ്വപ്നങ്ങൾ ചിറകറ്റു വീണവരുടെ തോൽക്കാൻപോലും ഇച്ഛാശക്തി ബാക്കിയില്ലാത്തവരുടെ ഒരു തുള്ളി കണ്ണുനീർ അവന് സമർപ്പിക്കുന്നു.
ആർക്ക്...?
എനിക്കും നിനക്കും അവനും....

                     ഹരികൃഷ്ണൻ ജി ജി.